1917 മാർച്ച് ന് ബ്രിട്ടനിൽ ജനിച്ച ലാറി ബേക്കറിനെക്കുറിച്ചാണീ കഥ. ഇരുപതാമത്തെ വയസിൽ ആർക്കിടെക്ച്ചറിൽ ബിരുദം നേടി. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ചൈനയിലും ബർമ്മയിലും ഒരു ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ജോലി ചെയ്തു.
1945-ൽ ഇന്ത്യയിൽ എത്തി; തിരുവനന്തപുരത്ത്. കുഷ്ഠരോഗികൾക്കുള്ള അസൈലങ്ങൾ നിർമ്മിക്കുന്ന പണിയാണ് ബേക്കർ ഇവിടെ ആദ്യം ചെയ്തത്. കുറെ കല്ലും സിമന്റും ചേർത്തുവെയ്ക്കുന്നതായിരുന്നില്ല ബേക്കറിന്റെ രീതി. ഓരോ പ്രദേശത്തെയും കാലാവസ്ഥ, തദ്ദേശീയ പ്രത്യേകതകൾ, അവിടെ വസിക്കുന്ന മനുഷ്യരുടെ ജീവിതരീതികൾ എന്നിവയൊക്കെ പരിഗണിക്കും. നല്ല വെളിച്ചവും വായു സഞ്ചാരവും പ്രകൃതിയ്ക്കിണങ്ങുന്ന നിർമ്മാണ രീതിയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. പുതുമയും സൗന്ദര്യവും നിറഞ്ഞ കുറെ കെട്ടിടങ്ങളും വീടുകളും അദ്ദേഹം നിർമ്മിച്ചു. നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം 2007 ഏപ്രിൽ 1 ന് മരിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജീവിച്ചിരുന്നത്. ആർക്കിടെക്ടുകളിലെ ഒരു ജീനിയസ്.
ചിത്രങ്ങളെക്കുറിച്ച്, നിറങ്ങളെക്കുറിച്ച്, പ്രതീകങ്ങളെക്കുറിച്ച്, സ്ഥലക്രമീകരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും ചിത്രീകരിക്കുന്നതിനും ബുദ്ധിവൈഭവമുള്ള ആളായിരുന്നു ലാറി ബേക്കർ. ഇങ്ങനെയുള്ള ബുദ്ധിവൈഭവത്തെ ദൃശ്യസ്ഥലപരമായ ബുദ്ധിവൈഭവം (Spatial Intelligence) എന്നാണ് പറയുക. വേണമെങ്കിൽ ലളിതമായി പിക്ച്ചർ സ്മാർട്ട് എന്ന് വിളിക്കാം. ചിത്രങ്ങൾ വരയ്ക്കാനും, വിവിധ രൂപങ്ങൾ നിർമ്മിക്കാനും ഇക്കൂട്ടർക്ക് നല്ല മിടുക്കുണ്ടാകും.
ചിത്രകാരൻമാർ, ആർക്കിടെക്ടുകൾ, ഡിസൈനർമാർ, ഇന്റീരിയർ ഡെക്കറേറ്റർമാർ, ഫോട്ടോ ഗ്രാഫർമാർ തുടങ്ങിയവരൊക്കെ പിക്ച്ചർ സ്മാർട്ടാണ്. ചിത്രകാരനായ നന്പൂതിരി, ആർക്കിടെക്റ്റ് ശങ്കർ, ശില്പി കാനായി കുഞ്ഞിരാമൻ, സിനിമാ ഫോട്ടോ ഗ്രഫർ വേണു എന്നിവരൊക്കെ പിക്ച്ചർ സ്മാർട്ടാണ്.
കൂട്ടുകാർക്കെല്ലാം സ്പേഷ്യൽ ഇന്റലിജൻസ് ഉണ്ട്. എന്നാൽ ചിലർക്ക് സ്പേഷ്യൽ ഇന്റലിജൻസ് കൂടുതാലാവും.
കൂടുതലുള്ളവർ കുറെക്കൂടി ആ ഇന്റലിജൻസ് വർധിപ്പിക്കാൻ പ്രയത്നിക്കണം. ചിത്രം വര, പോട്ടറി, ഡിജിറ്റൽ പെയിന്റിംഗ്, ഫോട്ടോഗ്രാഫി, മൊബൈലിൽ വീഡിയോ ചിത്രികരിക്കൽ, ദൃശ്യപരമായ ചിത്രങ്ങളുടെ ശേഖരണം, നല്ല സിനിമകൾ - ഡോക്യൂമെന്ററി എന്നിവ കാണൽ, ഭാവാത്മക കളികൾ, മൈൻഡ് മാപ്പിംഗ്, പകൽ സ്വപ്നം കാണൽ, ലോക പ്രശസ്തമായ ചിത്രങ്ങൾ കാണൽ, ത്രിമാന രൂപങ്ങളുടെ നിർമ്മാണം ഇവയൊക്കെ പിക്ച്ചർ സ്മാർട്ട്നെസ്സ് കൂട്ടാൻ സഹായിക്കും.
ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ളവരാണ് സ്പേഷ്യൽ ഇന്റലിജൻസുകാർ. ധാരാളം ജോലി സാദ്ധ്യതകളുമുണ്ട്. നല്ല സ്വപ്നങ്ങൾ കാണുക. മികച്ച ഇമേജുകൾ രൂപപ്പെടുത്തി അതിനെ റിയലാക്കാൻ കഴിഞ്ഞാൽ പിക്ച്ചർ സ്മാർട്ടിലെ ജീനിയസാകാം.
ഒരു കഥ
ചൊവ്വയുടെ മുഴുവൻ മേഖലകളെയും ബുദ്ധിപൂർവം ഭാവനയിൽ കണ്ടെത്തി 3ഡിയിൽ ചിത്രീകരിച്ച മീര ചൊവ്വയിലെത്തുന്നു. താൻ വരച്ചതൊക്കെ ചൊവ്വയിൽ കാണാനുള്ള ആവേശത്തിൽ പേടകത്തിൽ നിന്നും പുറത്തേക്കിറങ്ങി ചൊവ്വയുടെ മണ്ണിലൂടെ നടക്കുന്പോൾ ഒരു തുരങ്കം. ഒന്നല്ല. ഇടത്ത്, വലത്ത്, മുകളിൽ, താഴെ.
നിറയെ തുരങ്കങ്ങൾ. മീര ചിത്രീകരിച്ചതൊന്നുമായിരുന്നില്ല ചൊവ്വയിൽ. മീര പേടിച്ച് കണ്ണകളടച്ചു. പെട്ടെന്നൊരു റേഡിയോ ശബ്ദം “മീര! നീ ഇപ്പോൾ ഞങ്ങളുടെ ഭൂപടത്തിനുള്ളിലാണ്!” തുരങ്കം ഒരു ഭീമൻ വൃത്തമായി മീര എവിടെയോ ചെന്നു വീണു. ശബ്ദം കേട്ട് മീര കണ്ണു തുറന്നു.
ചൊവ്വയിലെ കാഴ്ചകൾ കണ്ട് മീര അന്പരന്നു.
എന്തായിരിക്കും മീര കണ്ടത്?
കൂട്ടുകാർക്ക് ചിത്രീകരിക്കാം.
ചിത്രങ്ങളാവാം. ത്രിമാന രൂപങ്ങളാവാം, വിഷ്വൽ രീതികൾ എന്തുമാവാം.
പിക്ച്ചർ സ്മാർട്ട്നസ് എത്രയുണ്ടെന്ന് നോക്കാം.
ഒന്നു ശ്രമിച്ചാലോ?
ഏബ്രഹാം കുര്യൻ
ഡയറക്ടർ, ലിവിങ്ലീഫ്